.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

സീറോ മലബാര്‍ രൂപതകളുടെ പുതിയ തലവന്‍

കൊച്ചി: ഹൃദയ വികാരവിചാരങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ഞായര്‍സായാഹ്നത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായ' മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങിലാണ് നാല്പത് ലക്ഷത്തോളം സഭാംഗങ്ങളുടെ ആത്മീയാചാര്യനായി മാര്‍ ആലഞ്ചേരി ഉയര്‍ത്തപ്പെട്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളുടെ തലവനും ഇനി ആലഞ്ചേരി പിതാവ് തന്നെ.
    ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിന് സഭയിലെ മെത്രാന്മാരാല്‍ അനുഗമിക്കപ്പെട്ട്, വൈദിക മന്ദിരത്തില്‍ നിന്ന് പ്രദക്ഷിണമായി ആത്മതേജസ്സോടെ മാര്‍ ആലഞ്ചേരി ബസലിക്കയിലേക്ക് എഴുന്നള്ളിവന്നു. തിരുവസ്ത്രങ്ങളണിഞ്ഞ്, അംശവടി കൈയില്‍ പിടിച്ച് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ദേവാലയത്തില്‍ പ്രവേശിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരാണ് സ്ഥാനാരോഹണ ശുശ്രൂഷയില്‍ മുഖ്യകാര്‍മികനായത്. സ്ഥാനാരോഹണ കാര്യം ഔദ്യോഗികമായി മാര്‍ പുത്തൂര്‍ അറിയിച്ചു. സ്‌നേഹത്തിന്‍റയും എളിമയുടേയും കൂട്ടായ അജപരിപാലന ശൈലിക്കുടമയും സമന്വയത്തിന്റെ നല്ല ഇടയനുമായ മാര്‍ ആലഞ്ചേരിക്ക് അദ്ദേഹം സ്വാഗതമാശംസിച്ചു. തുടര്‍ന്ന് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സന്ദേശം, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി സാല്‍വത്തോരോ പെന്നാക്കിയോ വായിച്ചു. മാര്‍ ആലഞ്ചേരിക്ക് മാര്‍പാപ്പ ശ്ലൈഹികാശിര്‍വാദം നല്‍കി. മാര്‍പാപ്പയുടെ ഉപഹാരവും സമ്മാനിക്കപ്പെട്ടു.

No comments:

Post a Comment